ലേ : ലഡാക്കിൽ ഇന്ന് പുതുതലമുറ ഉൾപ്പെടെ രംഗത്തിറങ്ങിയ പ്രതിഷേധം ആക്രമാസക്തം. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നാലുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലേയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായിരിക്കുകയാണ്.
ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. നേപ്പാളിന് സമാനമായി ഇത് ഒരു ‘ജെൻ സീ’ പ്രതിഷേധം ആക്കി മാറ്റാനുള്ള ശ്രമങ്ങളായിരുന്നു തുടക്കം മുതൽ തന്നെ ഉണ്ടായത്. അക്രമാസക്തരായ ഒരുകൂട്ടം പ്രതിഷേധക്കാർ ബിജെപി ഓഫീസും സിആർപിഎഫ് വാഹനവും കത്തിച്ചു.
ചില യുവാക്കൾ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി. ലേയിൽ ഉണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, നാല് ദിവസത്തെ ലഡാക്ക് ഫെസ്റ്റിവലിന്റെ അവസാന ദിവസത്തെ പരിപാടി ഭരണകൂടം റദ്ദാക്കി. നിലവിൽ ലേയിൽ അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ നിരോധിച്ചിരിക്കുകയാണ്. ലഡാക്കിലെ ടൂറിസം രംഗത്തെക്കൂടി സ്തംഭിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയിരിക്കുന്നത്.
Discussion about this post