ന്യൂയോർക്ക് : അമേരിക്കയുമായുള്ള എല്ലാ ആണവ ചർച്ചകളും ഉപേക്ഷിച്ചതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാനും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റാനും യൂറോപ്യൻ രാജ്യങ്ങൾ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഖമേനി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യുഎസുമായുള്ള ആണവ ചർച്ചകൾ അവസാനിപ്പിച്ചതായി യുഎൻ പൊതുസഭയിൽ ഇറാൻ നിലപാട് വ്യക്തമാക്കി.
” യുഎസ് എല്ലാ വിഷയങ്ങളിലും വാഗ്ദാനങ്ങൾ ലംഘിക്കുകയാണ് ചെയ്യുന്നത്. അവർ കള്ളം പറയുന്നു, സൈനിക ഭീഷണി ഉയർത്തുന്നു, ആളുകളെ വധിക്കുന്നു, ആണവ കേന്ദ്രങ്ങളിൽ ബോംബ് വയ്ക്കുന്നു. അത്തരമൊരു കക്ഷിയുമായി ചർച്ച നടത്താനോ കരാറുകൾ ഉണ്ടാക്കാനോ കഴിയില്ല” എന്ന് ഖമേനി ഒരു ടെലിവിഷൻ ചാനലിനോട് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) ഭാഗമായി ഇറാൻ നയതന്ത്രജ്ഞർ യൂറോപ്യൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുമായും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി കാജ കല്ലാസുമായും കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ വീണ്ടും പ്രാബല്യത്തിൽ വരാൻ പോകുന്ന ഉപരോധങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്.
Discussion about this post