ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചുകൊണ്ട് 2025 സെപ്റ്റംബർ 25 ന് റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്ന് ഇന്ത്യ ഇന്റർമീഡിയറ്റ് റേഞ്ച് അഗ്നി-പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ട്രെയിനിൽ നിന്നും വിക്ഷേപിക്കാവുന്ന 2000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ആണിത്. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡും (എസ്എഫ്‌സി) സംയുക്തമായാണ് മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണം നടത്തിയത്.
മൊബൈൽ റെയിൽ ശൃംഖലകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്‌എഫ്‌സി) നടത്തിയ അഗ്നി പ്രൈമിന്റെ ആദ്യ പ്രീ-ഇൻഡക്ഷൻ നൈറ്റ് വിക്ഷേപണമാണിത്.
അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് , സായുധ സേന എന്നിവയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാൻ ഈ സംവിധാനം അനുവദിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
നിരവധി നൂതനവും പുതിയതുമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു മിസൈലാണ് അഗ്നി പ്രൈം. പുതിയ പ്രൊപ്പൽഷൻ സിസ്റ്റവും കോമ്പോസിറ്റ് റോക്കറ്റ് മോട്ടോർ കേസിംഗും, നൂതന നാവിഗേഷൻ, ഗൈഡൻസ് സിസ്റ്റങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു കാനിസ്റ്റർ-ലോഞ്ച്ഡ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മിസൈലിന്റെ വിക്ഷേപണ സമയം കുറയ്ക്കുകയും മിസൈലിന്റെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നതാണ് കാനിസ്റ്റർ-ലോഞ്ച്ഡ് സിസ്റ്റം. ആവശ്യമെങ്കിൽ റെയിൽ അല്ലെങ്കിൽ റോഡ് വഴി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഇത് എളുപ്പത്തിൽ കൊണ്ടുപോകാനും കഴിയും.
ഈ സാങ്കേതികവിദ്യ ഇന്ത്യയുടെ മിസൈൽ വിന്യാസം പ്രവചിക്കാൻ എതിരാളികൾക്ക് ബുദ്ധിമുട്ടാക്കുന്നതാണ്. ഇന്ത്യയുടെ വിപുലമായ റെയിൽ ശൃംഖല വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവ് ആണ് ഈ റെയിൽ അധിഷ്ഠിത അഗ്നി പ്രൈം മിസൈലിനെ സവിശേഷമാക്കുന്നത്. എവിടെ നിന്നുമായിരിക്കും മിസൈൽ വരുക എന്നുള്ള കാര്യം ഊഹിക്കാൻ പോലും പറ്റാത്ത തരത്തിൽ ഇന്ത്യയുടെ ശത്രുക്കൾക്ക് ഇത് ഗുരുതരമായ തന്ത്രപരമായ വെല്ലുവിളി ഉയർത്തുന്നതാണ്.
Discussion about this post