ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷത്തെ കുറിച്ച് വ്യക്തമാക്കി മോഹൻലാൽ. ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു നിമിഷത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു ആ സമയം താനെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“സത്യത്തിൽ സന്തോഷത്തിന്റെ ഒരു കൊടുമുടിയിലായിരുന്നു ഞാൻ. ഉന്മാദാവസ്ഥയെന്നുവേണം അതിനെ വിളിക്കാൻ. ഇനി ഒരിക്കലും തിരിച്ചുവരാത്ത നിമിഷം. ഈശ്വരനോട് നന്ദിപറയുന്നു. പ്രേക്ഷകരോടും നിങ്ങൾ ഓരോരുത്തരോടും നന്ദിപറയുന്നു. ഷാരൂഖ് ഖാനും മറ്റും വളരെ സ്നേഹാദരങ്ങളോടെയാണ് പെരുമാറിയത്. അവരെല്ലാം വലിയ സന്തോഷത്തിലായിരുന്നു.” എന്നും മോഹൻലാൽ പറഞ്ഞു.
പുരസ്കാരം ലഭിച്ചതറിഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു എന്നും മോഹൻലാൽ സൂചിപ്പിച്ചു. “അദ്ദേഹം ഇങ്ങോട്ടും ഞാൻ അങ്ങോട്ടും വിളിച്ചിരുന്നു. എപ്പോഴും വിളിക്കാറുണ്ട്. ഇത് എനിക്കുമാത്രമുള്ള പുരസ്കാരമല്ല. അദ്ദേഹംകൂടി ഉൾപ്പെടുന്ന ഇന്ത്യൻ സിനിമാ ‘ഫ്രറ്റേണിറ്റി’ക്കുള്ള അംഗീകാരമാണ് എന്നും മോഹൻലാൽ അറിയിച്ചു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തോടെ രാജ് കപൂർ,ശിവാജി ഗണേശൻ എന്നിവരുടെ പട്ടികയിലേക്ക് മോഹൻലാൽകൂടി എത്തിയിരിക്കുന്നതിൽ എന്തുതോന്നുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, വളരെ അനുഗൃഹീതമായ ഒരു നിമിഷമായിരുന്നു അത്. എന്റെമുന്നിൽ നടന്നുപോയവർക്കായി സമർപ്പിക്കുന്നു എന്നും മോഹൻലാൽ ഉത്തരം നൽകി.
Discussion about this post