ന്യൂഡൽഹി : ലഡാക്കിൽ പുതുതലമുറയെ രംഗത്തിറക്കിയുള്ള പ്രക്ഷോഭത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. സോനം വാങ്ചുക്കിന്റെ അടുത്തിടെയുള്ള പാകിസ്താൻ സന്ദർശനവും ഇയാളുടെ എൻജിഒയിലേക്കുള്ള വിദേശ ധനസഹായങ്ങളെ കുറിച്ചും അന്വേഷണം നടത്തും. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചു കൊണ്ടായിരുന്നു കഴിഞ്ഞദിവസം ലഡാക്കിൽ പുതുതലമുറയെ രംഗത്തിറക്കിയ അക്രമാസക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ലഡാക്കിനു സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ നീട്ടലും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കാലാവസ്ഥ പ്രവർത്തകനാണ് സോനം വാങ്ചുക്ക്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സോനം വാങ്ചുക്ക് സ്ഥാപിച്ച എൻജിഒ വിദേശ സംഭാവന (നിയന്ത്രണ) നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎൽ) എന്ന എൻജിഒ ആണ് സോനം വാങ്ചുക്ക് സ്ഥാപിച്ചിട്ടുള്ളത്. ഈ വർഷം ഫെബ്രുവരി 6 ന് സോനം വാങ്ചുക്ക് പാകിസ്താനിൽ സന്ദർശനം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റിൽ, ലഡാക്ക് ഭരണകൂടം എച്ച്ഐഎഎല്ലിന് ഭൂമി അനുവദിച്ചത് കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെയാണ് ലഡാക്കിലെ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി ഈ എൻജിഒയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞദിവസം ലേയിൽ നടന്ന പ്രതിഷേധം വലിയതോതിലുള്ള ആക്രമണ സംഭവങ്ങളിലേക്ക് തിരിയുകയും നാലുപേർ കൊല്ലപ്പെടുകയും ചെയ്തെങ്കിലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രഭരണ പ്രദേശത്തിന് കഴിഞ്ഞു.
Discussion about this post