ചണ്ഡീഗഡ് : ഇന്ത്യൻ വ്യോമസേനയിൽ 62 വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം മിഗ്-21 യുദ്ധവിമാനം ഇന്ന് വിട പറയുകയാണ്. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ സുദീർഘ സേവനത്തിനു ശേഷമുള്ള മിഗ്-21ന്റെ ഔപചാരിക യാത്രയയപ്പ് ചണ്ഡീഗഡ് വ്യോമസേന വിമാനത്താവളത്തിൽ നടന്നു. രണ്ടുമണിക്കൂർ നീണ്ടു നിന്ന യാത്രയയപ്പ് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു.
മിക്കോയാൻ-ഗുരെവിച്ച് എന്ന മിഗ്-21 പാകിസ്താനുമായുള്ള നാല് സായുധ പോരാട്ടങ്ങളിൽ ഉൾപ്പടെ ഇന്ത്യയ്ക്ക് കരുത്തായ യുദ്ധവിമാനം ആയിരുന്നു. രാജ്യത്തെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനവും ഇന്റർസെപ്റ്റർ വിമാനവുമായ മിഗ്-21 ഇന്ത്യയിൽ നിന്നും ആദ്യമായി പറന്നുയർന്ന ചണ്ഡിഗഡ് വ്യോമത്താവളത്തിൽ നിന്ന് തന്നെയാണ് അവസാന പറക്കലും നടത്തുന്നത്. ഔപചാരിക യാത്രയയപ്പ് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉന്നത സൈനിക ഉദ്യോഗസ്ഥർ , വിരമിച്ച സൈനിക ഉദ്യോഗസ്ഥർ , സൈനികരുടെ കുടുംബങ്ങൾ എന്നിവർ സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനത്തിന്റെ 62 വർഷത്തെ വിശിഷ്ട സേവനത്തിന് വിട നൽകാൻ ഒത്തുചേർന്നിരുന്നു.
പാകിസ്താനിലെ സ്കാർഡു താഴ്‌വര മുതൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ദൗത്യത്തിലും കാർഗിൽ യുദ്ധത്തിലും ഉൾപ്പെടെ മിഗ്-21 നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1963-ൽ റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ നിരവധി നവീകരണ പ്രക്രിയകൾക്കും വിധേയമായിട്ടുണ്ട്. 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത്, ശത്രു സ്ഥാനങ്ങളും നീക്കങ്ങളും കണ്ടെത്തുന്നതിനുള്ള രഹസ്യാന്വേഷണ ദൗത്യങ്ങളിൽ മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയെ സഹായിച്ചു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും 1984 മുതൽ 1987 വരെ സ്കാർഡുവിൽ നടത്തിയ നിരവധി രഹസ്യാന്വേഷണ ദൗത്യങ്ങളിലും 1984-ൽ അമൃത്സറിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ദൗത്യത്തിലും കാർഗിൽ യുദ്ധത്തിലും സവിശേഷ സേവനങ്ങളാണ് മിഗ്-21 കാഴ്ചവെച്ചിരുന്നത്.
Discussion about this post