പട്ന : ബീഹാറിലെ എൻഡിഎ സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതി വോട്ട് വാങ്ങാനുള്ള ശ്രമമാണ് എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സ്ത്രീകൾക്ക് ബഹുമാനം നൽകുന്നതിനേക്കാൾ വോട്ട് വാങ്ങാനുള്ള ശ്രമമാണ് ബീഹാർ സർക്കാർ നടത്തുന്നത് എന്നും പ്രിയങ്ക ഗാന്ധി വിമർശനമുന്നയിച്ചു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വീഡിയോ കോൺഫറൻസിലൂടെയാണ് ബീഹാറിലെ സ്ത്രീകൾക്കായി ‘മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന’ പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി 10,000 രൂപ പ്രാരംഭ ഗ്രാന്റ് ലഭിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ 2 ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും ലഭിക്കുന്നതായിരിക്കും.
എന്നാൽ ഈ പദ്ധതിക്കെതിരെ ഇപ്പോൾ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകളെ യഥാർത്ഥത്തിൽ ബഹുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ് എന്ന് പട്നയിൽ നടന്ന ഒരു റാലിയിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. എൻഡിഎ സർക്കാർ സ്ത്രീകളുടെ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. അവർ ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കില്ല. നിങ്ങളുടെ അവകാശങ്ങൾക്കായി സംസാരിക്കുമ്പോൾ, നിങ്ങളെ തല്ലുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ബഹുമാനം ഒരിക്കലും ബിജെപിയും നിതീഷ് കുമാർ സർക്കാരും നൽകില്ല എന്നും പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.
Discussion about this post