ലഖ്‌നൗ : വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുശേഷം മുസ്ലിം മത വിഭാഗത്തിന്റെ നേതൃത്വത്തിൽ ബറേലിയിൽ നടന്ന കലാപത്തിൽ നടപടിയുമായി ഉത്തർപ്രദേശ് പോലീസ്. മുസ്ലിം പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവിയുമായ മൗലാന തൗഖീർ റാസ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ മറ്റ് 7 പ്രതികൾ കൂടി അറസ്റ്റിലായിട്ടുണ്ട്.
കലാപത്തിന് പ്രേരിപ്പിച്ചതായാണ് മൗലാന തൗഖീറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മൗലാന തൗഖീറിന് അഭയം നൽകിയതിന്റെ പേരിൽ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ പോലീസ് ഫയൽ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന കലാപത്തിന് പിന്നാലെ ജില്ലയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കലാപത്തിന് പിന്നാലെ വെള്ളിയാഴ്ച രാത്രി 10:20 ന് മൗലാന തൗഖീർ റാസ ഖാൻ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. “അതിഖിനെയും അഷ്‌റഫിനെയും പോലെ എന്നെയും വെടിവയ്ക്കൂ, പക്ഷേ മുഹമ്മദിന്റെ പേരിൽ ഞാൻ മരിക്കാൻ തയ്യാറാണ്” എന്ന് പറഞ്ഞുകൊണ്ട് മുസ്ലിം മത വിഭാഗത്തിനോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നത്തായിരുന്നു ഈ വീഡിയോ. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനുശേഷം മൗലാന തൗഖീർ റാസ ഉൾപ്പെടെ എട്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും ശ്രമിച്ചതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത 40 ഓളം പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ബറേലി പോലീസ് അറിയിച്ചു.
Discussion about this post