സോനം വാങ്ചുക്കിൻറെ അറസ്റ്റിൽ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങൾ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക്ക് തുരങ്കം വെച്ചു. വാങ്ചുക്കിൻറെ സ്ഥാപനത്തിൻറെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി കൂട്ടിച്ചേർത്തു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമാവുകയും വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എൺപതോളം സൈനികർക്കും പരിക്കേറ്റു. ഇതിന് പിന്നാലെയാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്തത്.പ്രതിഷേധം കണക്കിലെടുത്ത് സോനം വാങ് ചുക്കിനെ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ജോധ് പൂർ ജയിൽ പരിസരത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.
പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കി
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. നിലവിൽ ലഡാക്ക് കലാപം സിബിഐ അന്വേഷിക്കുകയാണ്. വാങ്ചുക്കിന്റെ പാകിസ്താൻ യാത്രയും അന്വേഷണ പരിധിയിലുണ്ട്.








