ലഖ്‌നൗ : ഹിന്ദു വിഭാഗത്തിന്റെ പ്രധാന ഉത്സവങ്ങൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായുള്ള ചില ഗൂഢാലോചനകളും നടക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി ഹിന്ദു ഉത്സവങ്ങൾ അലങ്കോലമാക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ട്. അങ്ങനെയൊരു ചിന്തയേ വേണ്ട എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അതിനായി ശ്രമിച്ചാൽ ഒരുത്തനെയും വെറുതെ വിടില്ല എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“ഹിന്ദുക്കൾ കുടുംബസമേതം ഒത്തുകൂടുന്ന ഉത്സവങ്ങളാണ് വരുംദിവസങ്ങളിലായി നടക്കാനിരിക്കുന്നത്. ഒരു സനാതനിയും അവരുടെ ഉത്സവങ്ങളിൽ ആരോടും വിവേചനം കാണിക്കുന്നില്ല. എന്നിരുന്നാലും, ചില അരാജകവാദികൾ ഹിന്ദു ഉത്സവങ്ങളെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതിനായി അവർ സ്ത്രീകളെയും കുട്ടികളെയും മുൻപിൽ നിർത്തി ഭീരുക്കളെപ്പോലെ പ്രവർത്തിക്കുന്നു. എന്നാൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പോലും വെറുതെ വിടില്ല” എന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.
ചിലർക്ക് സമാധാനം ഇഷ്ടമല്ലെന്നും ഹിന്ദു ഉത്സവങ്ങളിൽ അവർ പ്രകോപിതരാകുന്നു എന്നും യോഗി വ്യക്തമാക്കി. അങ്ങനെയുള്ളവർക്ക് കർശന മുന്നറിയിപ്പാണ് ഇപ്പോൾ നൽകുന്നത് എന്നും അദ്ദേഹം അറിയിച്ചു. ശ്രാവഷ്ടിയിൽ 510 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അവസരത്തിൽ, മഹർഷി വാൽമീകി ജയന്തിക്ക് ഒക്ടോബർ 7 ന് സംസ്ഥാനവ്യാപകമായി അവധി പ്രഖ്യാപിക്കുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു. എല്ലാ ക്ഷേത്രങ്ങളിലും തുടർച്ചയായി രാമായണ പാരായണം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പിനോട് അദ്ദേഹം നിർദ്ദേശിച്ചു.
Discussion about this post