2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിക്കുമോ അതോ തുടരുമോ എന്നുള്ളതാണ് ഇന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചോദ്യം. ഇന്ത്യയെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും വലിയ പരീക്ഷണമാണ് ഇന്ന് പാകിസ്ഥാനെതിരെയുള്ള ഫൈനൽ പോരാട്ടമെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. മത്സരത്തിലേക്ക് കടന്നാൽ ഇന്ത്യയോട് രണ്ട് പ്രാവശ്യം തോറ്റതോഴിച്ചാൽ പാകിസ്ഥാന് പരാജയങ്ങൾ അറിഞ്ഞിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ വമ്പൻ പരീക്ഷണത്തിന് ഒടുവിലാണ് ടീം ജയിച്ചുകയറിയത്.
ആ പോരിൽ അർശ്ദീപ് സിങ് മികച്ച പ്രകടനം കാഴ്ചവച്ചു. സൂപ്പർ ഓവറിലേക്ക് പോയ പോരാട്ടത്തിൽ അർഷ്ദീപ് തകർപ്പൻ ഡെത്ത് ബൗളിംഗ് നടത്തി, രണ്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ഈ ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് താരത്തിന് ഇന്ത്യൻ ടീമിൽ അവസരം കിട്ടിയത് എന്നുള്ളതും ശ്രദ്ധിക്കണം. ഇന്ത്യ ഒരു അധിക ബാറ്റർക്ക് വേണ്ടി വാശി പിടിക്കുന്ന സാഹചര്യത്തിലാണ് താരത്തിന് അവസരം കിട്ടാതെ പോകുന്നത്. ഇപ്പോഴിതാ ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനൽ മത്സത്തിൽ അർശ്ദീപ് സിങിനെ എന്ത് വന്നാലും ഇന്ത്യ ടീമിൽ കളിപ്പിക്കണം എന്ന് പറയുകയാണ് രവിചന്ദ്രൻ അശ്വിൻ.
“കണ്ണട വെച്ചാലും ഞാൻ ഇത് തന്നെ പറയും.ണ് ഗാഢനിദ്രയിൽ നിന്ന് എന്നെ ഉണർത്തിയാലും എന്റെ ഉത്തരം മാറില്ല: അർഷ്ദീപ് കളിക്കണം. എട്ടാം നമ്പർ ബാറ്റ്സ്മാൻ എത്ര റൺസ് നേടും? അധികം റൺ നേടേണ്ട ആവശ്യമില്ല. ആറ് മാസത്തിനുള്ളിൽ നടക്കുന്ന ലോകകപ്പിനായി, അർഷ്ദീപിന്റെ ബാറ്റിംഗിൽ പ്രവർത്തിക്കുക, വരുൺ ചക്രവർത്തിയുടെ ബാറ്റിംഗിൽ പ്രവർത്തിക്കുക, ബുംറയ്ക്ക് ഇതിനകം തന്നെ അത്യാവശ്യം കളിക്കാനറിയാം.”
കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം ഒരു ഓവർ മാത്രം പന്തെറിഞ്ഞ ശേഷം മടങ്ങിയ ഹർദിക് ഇന്ന് കളിച്ചില്ല എങ്കിൽ പകരം അർശ്ദീപ് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്.
“ഈ ചാനലിൽ നമ്മൾ എന്തിനാണ് അർഷ്ദീപിനെ ടീമിൽ ആവശ്യമെന്ന് പറയുന്നത് എന്ന് അവൻ പന്തെറിഞ്ഞ രീതിയിലൂടെ വീണ്ടും തെളിയിച്ചു. ഒരിക്കൽക്കൂടി അദ്ദേഹം അത് തെളിയിച്ചു. അതിനാൽ ഹാർദിക് കളിക്കുന്നില്ലെങ്കിൽ, ഇന്ത്യ അർഷ്ദീപിനെ കളിപ്പിക്കേണ്ടി വരും. ഇന്ന് അവസരം കിട്ടിയാൽ അവൻ തന്റെ മികവ് കാണിക്കും എന്ന് ഉറപ്പാണ്.” അശ്വിൻ പറഞ്ഞു.
ആവേശ പോരാട്ടമാണ് ഇന്ന് ഇന്ത്യ- പാകിസ്ഥാൻ ഫൈനലിൽ പ്രതീക്ഷിക്കുന്നത്.
Discussion about this post