തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ അലയൊലികൾ സൃഷ്ടിക്കാനെന്ന ലക്ഷ്യവുമായി ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് സംഘടിപ്പിച്ച പ്രചരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചിരിക്കുകയാണ്. കരൂരിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 39 പേരാണ് മരണപ്പെട്ടത്.
ഇതിന് പിന്നാലെ റാലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. കരൂരിൽ എത്തുകയാണെന്ന വിജയുടെ ട്വീറ്റിന് പിന്നാലെ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ പൊരിവെയിലത്ത് കാത്ത് നിന്നത് മണിക്കൂറുകളോളമെന്ന് തമിഴ്‌നാട് ഡിജിപി ജി വെങ്കിട്ടരാമൻ വ്യക്തമാക്കുന്നു.
വിജയ് എത്തിയതോടെ വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹത്തെ പോലീസ് സുരക്ഷിതമായി വേദിയിലേക്ക് എത്തിച്ചു. സംഘാടകർ പ്രതീക്ഷിച്ച എണ്ണം 10,000 ആണെന്ന് പറഞ്ഞെങ്കിലും, നടനെ കാണാൻ ഏകദേശം 27,000 പേർ എത്തിയിരുന്നു. പോലീസ് പ്രതീക്ഷിച്ചത് 20,000 പേർ ഉണ്ടാകുമെന്നാണെന്ന് ഡിജിപി ജി വെങ്കിട്ടരാമൻ വ്യക്തമാക്കി.
ഒരു നിർഭാഗ്യകരമായ സംഭവം ഉണ്ടായി, ഖേദകരം. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 39 പേർ മരിച്ചു. അവരിൽ 12 പുരുഷന്മാരും 16 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. യോഗത്തിന് അനുമതി തേടിയത് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 10 വരെയുള്ള സമയത്താണ്. അദ്ദേഹം 12 മണിക്ക് എത്തുമെന്നാണ് ടിവികെ എക്സ് അക്കൗണ്ടിൽ അറിയിച്ചത്. രാവിലെ 11 മണി മുതൽ ആളുകൾ എത്തിത്തുടങ്ങി. വൈകുന്നേരം 7.40നാണ് അദ്ദേഹം എത്തിയത്. പൊരി വെയിലിൽ കാത്ത് നിന്ന ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം, വെള്ളം എന്നിവ ലഭിച്ചിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. വസ്തുതകൾ മാത്രമാണ് പറയുന്നതെന്ന് ഡിജിപി കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലായി വിജയ് കരൂരിൽ എത്തുമെന്നാണ് അറിയിച്ചത്. ഇതോടെ ശനിയാഴ്ച രാവിലെ മുതൽ വിവിധ ജില്ലകളിൽ നിന്നായി ആളുകൾ കരൂരിലെ വേലുചാമിപുരത്തെത്തി. ഉച്ചകഴിഞ്ഞിട്ടും വിജയ് എത്താതിരുന്നതോടെ കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരുന്നു. ഇവർ റോഡിനോട് ചേർന്ന സ്ഥലങ്ങളിൽ ഇരുപ്പുറപ്പിച്ചു. മരങ്ങൾ, മതിൽക്കെട്ടുകൾ, റോഡിലെ ഡിവൈഡറുകൾ, കൂറ്റൻ ഫ്‌ലക്‌സ് ബോർഡുകളിൽ ഉൾപ്പെടെ കയറിപ്പറ്റി. ഇവിടെ നിന്ന് മാറിയാൻ ഇരിപ്പിടം പോകുമെന്ന ധാരണയിൽ വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചായിരുന്നു പലരും ഇവിടെ തുടർന്നത്.
നിയന്ത്രണങ്ങൾ മറികടന്ന് എത്തുന്ന ആളുകൾ കോടതിയെ ആശങ്കപ്പെടുത്തിയിരുന്നു. തിരിച്ചിറപ്പള്ളിയിലെ യോഗത്തിനിടെ ഒരാൾ മരിച്ചതോടെ കോടതിയുടെ ആശങ്ക ശക്തമായി. സമ്മേളനങ്ങൾ നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി വ്യക്തമാക്കി.
Discussion about this post