ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്ന കാലം ഉടൻതന്നെ യാഥാർഥ്യമാകും. അതിർത്തി കടന്നുള്ള റെയിൽ പാത വികസനങ്ങൾക്കായി 4,000 കോടിയുടെ നിക്ഷേപ പദ്ധതിക്ക് ഇന്ത്യയും ഭൂട്ടാനും അംഗീകാരം നൽകി. ഇന്ത്യയിലെ അസമിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും ഭൂട്ടാനിലേക്ക് കണക്ടിവിറ്റി നൽകുന്ന രണ്ട് റെയിൽ പദ്ധതികൾ ആണ് തയ്യാറായിരിക്കുന്നത്.
ഇന്ത്യയും ഭൂട്ടാനും രണ്ട് പ്രധാന ക്രോസ്-ബോർഡർ റെയിൽവേ പദ്ധതികൾ ആരംഭിച്ചതായി തിങ്കളാഴ്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ റെയിൽ കണക്റ്റിവിറ്റി ആണിത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദബന്ധത്തിലെ ഒരു നാഴികക്കല്ലായി ഇനി ഈ റെയിൽപാത മാറുന്നതായിരിക്കും.
ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള ചരക്ക് നീക്കം കൂടി മെച്ചപ്പെടുത്താൻ പുതിയ റെയിൽ ശൃംഖല ലക്ഷ്യമിടുന്നു. ഭൂട്ടാന്റെ വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് ഇന്ന് ന്യൂഡൽഹിയിൽ വെച്ച് ഈ പദ്ധതികൾക്കായുള്ള ധാരണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ആസാമിനെ ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന, കൊക്രജാർ മുതൽ ഗെലെഫു വരെയുള്ള ഒരു പാതയും,
പശ്ചിമ ബംഗാളിനെ ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന, ഇന്ത്യയിലെ ബനാർഹട്ട് മുതൽ ഭൂട്ടാനിലെ സാംത്സെ വരെയുള്ള മറ്റൊരു പാതയുമാണ് ഈ ക്രോസ് ബോർഡർ റെയിൽ പദ്ധതിയിൽ ഉള്ളത്.
Discussion about this post