ഇസ്ലാമാബാദ് : ഏഷ്യാകപ്പിൽ ഇന്ത്യയോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളെ പിസിബി വിലക്കി. വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിന് ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയിരുന്ന എൻഒസി പിസിബി റദ്ദാക്കി.
2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് പിസിബി ഈ വിചിത്രമായ നടപടി സ്വീകരിച്ചിരിക്കുന്നത്. കാരണം വ്യക്തമാക്കാതെയാണ് പിസിബിയുടെ ഈ നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള വിദേശ ടി20 അല്ലെങ്കിൽ ഫ്രാഞ്ചൈസി ലീഗുകളിൽ പങ്കെടുക്കാനാവില്ല.
വിദേശ ലീഗുകൾക്ക് പകരം ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സയ്യിദ് സമീർ അഹമ്മദ് കളിക്കാർക്ക് നിർദ്ദേശം നൽകി. ഈ വർഷം ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ 15) കളിക്കാൻ തീരുമാനിച്ചിരുന്ന ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഫഹീം അഷ്‌റഫ്, ഷദാബ് ഖാൻ എന്നിവർക്ക് കനത്ത തിരിച്ചടിയാണ് പിസിബിയുടെ ഈ തീരുമാനം നൽകിയിരിക്കുന്നത്. ഐഎൽടി20 പോലുള്ള ഫ്രാഞ്ചൈസി ലീഗുകളിലേക്ക് മത്സരിക്കാൻ തയ്യാറെടുത്തിരുന്ന ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള താരങ്ങൾക്കും പിസിബിയുടെ നടപടി തിരിച്ചടിയായി.
Discussion about this post