ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് വരുത്തിയ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ ഇന്ത്യയുടെ സിസ്റ്റത്തിൽ ഉണ്ടെന്ന് വ്യോമസേന മേധാവി അമർപ്രീത് സിംഗ്. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ ഉള്ളിലേക്ക് ഇന്ത്യ ആക്രമണം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു അതെന്നും വ്യോമസേന മേധാവി അറിയിച്ചു. 93-ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
നാല് ദിവസത്തെ ഓപ്പറേഷൻ വ്യക്തമായ ഉത്തരവോടെയാണ് നടത്തിയതെന്നും ഇന്ത്യ ഉദ്ദേശിച്ചത് നേടിയെടുത്തതിനാലാണ് വേഗത്തിൽ അവസാനിച്ചതെന്നും അമർപ്രീത് സിംഗ് അഭിപ്രായപ്പെട്ടു. “ഞങ്ങൾ അവരുടെ നിരവധി വ്യോമതാവളങ്ങളെയും സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചു. ഇന്ത്യൻ ആക്രമണങ്ങളിൽ പാകി സ്താന്റെ കുറഞ്ഞത് നാല് റഡാറുകൾ, രണ്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, രണ്ട് സ്ഥലങ്ങളിലെ റൺവേകൾ, മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ ഹാംഗറുകൾ എന്നിവ തകർന്നു. കൂടാതെ അവരുടെസി സി -130 ക്ലാസ് വിമാനങ്ങളിൽ ഒന്ന്, എഫ് -16 ഉൾപ്പെടെ കുറഞ്ഞത് നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ, ഒരു എസ്എഎം സിസ്റ്റം എന്നിവ നശിപ്പിച്ചതിന് കൃത്യമായ തെളിവുകളും ഇന്ത്യയുടെ കയ്യിലുണ്ട് ” എന്നും ഇന്ത്യൻ വ്യോമസേന മേധാവി അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ, റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 സിസ്റ്റം നിർണായക പങ്ക് വഹിക്കുകയും എല്ലാ പാകിസ്താൻ വ്യോമാക്രമണങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്തതായും വ്യോമസേന മേധാവി വ്യക്തമാക്കി. ” നമുക്ക് ഇനിയും അത്തരം കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണ്. എത്ര എണ്ണം വാങ്ങാം എന്നതിന് പരിധിയില്ല. എസ്-400 ഒരു നല്ല ആയുധ സംവിധാനമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സ്വന്തം സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അതിനാൽ ഞങ്ങൾ അത് എല്ലാ കോണുകളിൽ നിന്നും പരിഗണിക്കും. ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ ആദ്യ പറക്കൽ 2028 ൽ ആസൂത്രണം ചെയ്തിട്ടുണ്ട്, 2035 ഓടെ ഇത് ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തും” എന്നും വ്യോമസേന മേധാവി അമർപ്രീത് സിംഗ് അറിയിച്ചു.
Discussion about this post