തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം ആണ് മേഖലയിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് ആയി മാറാൻ സാധ്യതയുള്ളത്. ഇത്തരത്തിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരായിരിക്കും നൽകുക.
കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് നിലവിലെ കേരളത്തിലെ മഴക്ക് കാരണം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നിലവിൽ ഒഡിഷ – ആന്ധ്രാ തീരത്ത് കര തൊട്ടു. ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതിനാൽ ഇന്ത്യൻ തീരത്തിന് വലിയ ഭീഷണിയില്ല എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ആന്ധ്രയിലും ഒഡീഷയിലും മാത്രമാണ് ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.








