ചണ്ഡീഗഡ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. അമൃത്സറിലെ ടാർൺ തരൺ നിവാസിയായ രവീന്ദർ സിംഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിക്ക് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയിൽ നിന്നും രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അമൃത്സർ റൂറൽ പോലീസ് ആണ് പ്രതിയെ പിടികൂടി ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന തകർത്തത്. മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഈ മേഖലയിൽ തന്നെ ദാൽ ഗ്രാമത്തിനടുത്തുള്ള ഒരു ഫാമിൽ നിന്ന് ബിഎസ്എഫ് ഒരു ഡ്രോണും 580 ഗ്രാം ഭാരമുള്ള ഒരു പാക്കറ്റ് ഹെറോയിനും കണ്ടെടുത്തു. അതിർത്തി കടന്ന് മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഡ്രോൺ ആണ് കണ്ടെത്തിയിട്ടുള്ളത്. ഈ സംഭവങ്ങൾ കൂടാതെ ബുധനാഴ്ച രാവിലെ, അമൃത്സറിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്നും 3 കിലോയിലധികം മെത്താംഫെറ്റാമൈൻ ബിഎസ്എഫ് പിടികൂടിയിരുന്നു.
Discussion about this post