ഇസ്ലാമാബാദ് : ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫി മോഷ്ടിച്ചതിന് മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ നൽകി ആദരിക്കുമെന്ന് പാകിസ്താൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്‌സലൻസ് സ്വർണ്ണ മെഡൽ നൽകാനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ 28 ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പിൽ വിജയിച്ച ഇന്ത്യൻ ടീം മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ല എന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇയാൾ ട്രോഫിയുമായി ഹോട്ടൽ റൂമിലേക്ക് മുങ്ങിയിരുന്നത്. ഇന്ത്യയുമായുള്ള ട്രോഫി കൈമാറ്റ വിവാദത്തിൽ നഖ്‌വി സ്വീകരിച്ച ശക്തമായ നിലപാടിന് ഉള്ള ആദരവായാണ് ഇപ്പോൾ പാകിസ്താൻ സ്വർണ്ണ മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കറാച്ചി ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാൽ ആണ് നഖ്‌വിയുടെ ഇന്ത്യയ്‌ക്കെതിരായ നിലപാടിന് സ്വർണ്ണ മെഡൽ നൽകി ആദരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. മൊഹ്‌സിൻ നഖ്‌വി സ്വീകരിച്ചത് ‘ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട്’ ആണെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നഖ്‌വിയെ ആദരിക്കുന്ന ചടങ്ങിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുഖ്യാതിഥിയാകാൻ സാധ്യതയുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post