കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയായ ജെസിയെ ഭർത്താവ് സാം കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. ബംഗളൂരുവിൽ നിന്നാണ് സാമിനെ പോലീസ് കണ്ടെത്തി പിടികൂടിയത്.
ഭാര്യയെ കൊന്നുതള്ളാൻ പറ്റിയ സ്ഥലം പത്തു ദിവസങ്ങൾക്കു മുൻപേ സാം കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു
പല സ്ത്രീകളുമായും സാമിന് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെ ചൊല്ലി സാമും ഭാര്യയും തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആറുമാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. സഹപാഠിയായ ഇറാൻ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തിയിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മക്കളെല്ലാവരും വിദേശത്ത് പോയതോടെ ജെസി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. താഴെ ഭാഗം ജെസിയും മേലെ ഭാഗം സാമും എന്ന നിലയിലായിരുന്നു വീട്ടിലെ താമസം.
Discussion about this post