സംസ്ഥാനത്തും കോൾഡ്രിഫ് സിറപ്പിന് നിരോധനമേർപ്പെടുത്തി. മരുന്നിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തി വയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജാണ് അറിയിച്ചത്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ 13 ബാച്ചിൽ പ്രശ്‌നം കണ്ടെത്തിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഈ ബാച്ച് മരുന്നിന്റെ വിൽപന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപനയും പൂർണമായും നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ. വഴി കോൾഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.
ചുമമരുന്ന് കഴിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു.
Discussion about this post