ശ്രീനഗർ : ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്. സോഷ്യൽ മീഡിയ വഴി ഭീകരവാദം പ്രചരിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ടിആർഎഫ് തീവ്രവാദി ഷെയ്ഖ് സജ്ജാദ് ഗുല്ലിന്റെ കുടുംബവീട് ആണ് ജമ്മു കശ്മീർ പോലീസ് കണ്ടുകെട്ടിയത്. ശ്രീനഗർ സൈനകോട്ടിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നില വീടും ഭൂമിയും ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ജമ്മു കശ്മീർ പോലീസ് കണ്ടുകെട്ടിയത്.
ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് ഷെയ്ഖ് സജ്ജാദിന്റെ കുടുംബവീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ പിടിച്ചെടുത്തത്. 2022 ൽ ആണ് ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. പാകിസ്താൻ ആസ്ഥാനമായാണ് ഇയാൾ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നത്.
സജ്ജാദ് ഗുലിന്റെ പിതാവ് ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ പേരിലാണ് ജമ്മു കശ്മീർ പോലീസ് കണ്ടുകെട്ടിയ ഈ സ്വത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. UAPA യുടെ 13, 38, 20 വകുപ്പുകളും EIMCO ആക്ടിന്റെ 2/3 വകുപ്പുകളും പ്രകാരം പരിംപോറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത FIR നമ്പർ 235/2022 പ്രകാരമാണ് നടപടി സ്വീകരിച്ചത്. സെൻട്രൽ ഷാൽടെങ്ങിലെ തഹസിൽദാർ പരിശോധിച്ചതിന് ശേഷം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് നടപടി പൂർത്തിയാക്കിയത്.
Discussion about this post