ലഖ്‌നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം. ഫറൂഖാബാദ് ജില്ലയിലെ സതാൻപൂർ മണ്ഡിക്കടുത്തുള്ള ഒരു കോച്ചിംഗ് സെന്ററിൽ ആണ് അതിശക്തമായ സ്ഫോടനം നടന്നത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പത്തിലേറെ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഒരു കിലോമീറ്റർ അകലെയുള്ള വീടുകൾ പോലും കുലുങ്ങിയതായാണ് സമീപവാസികൾ വ്യക്തമാക്കുന്നത്. കോച്ചിംഗ് സെന്റർ കെട്ടിടം പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ സ്ലാബുകളും കോൺക്രീറ്റ് ഭിത്തികളും 50 മീറ്ററിൽ അധികം ദൂരേക്ക് തെറിച്ചുവീണു. വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങൾ പോലും കെട്ടിടത്തിനുള്ളിൽ ചിതറിത്തെറിച്ച നിലയിൽ ആണുള്ളത്. സംഭവം നടന്ന ഉടൻ തന്നെ പോലീസും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കോച്ചിംഗ് സെന്ററിലുണ്ടായിരുന്ന ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post