തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് 3 കോടി രൂപ നൽകിയതായി കണ്ടെത്തൽ. സർക്കാർ പരിപാടിയായ ആഗോള അയ്യപ്പ സംഗമത്തിന് ഒരു രൂപ പോലും നൽകില്ല എന്നായിരുന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയെ പോലും പറ്റിച്ചു കൊണ്ട് ദേവസ്വം ബോർഡ് 3 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് നൽകിയതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു സ്വകാര്യ മാധ്യമമാണ് ഈ രേഖകൾ പുറത്തുവിട്ടിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് അനുവദിച്ചതായാണ് രേഖകൾ കണ്ടെത്തിയിട്ടുള്ളത്. അയ്യപ്പസംഗമം നടക്കുന്നതിന്റെ അഞ്ചുദിവസംമുന്‍പ് (15-09-2025 തിങ്കളാഴ്ച) ദേവസ്വം കമ്മിഷണര്‍ ആണ് ഇങ്ങനെയൊരു പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ആണ് ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നത്. കണക്കുകൾ പ്രകാരം കമ്പനിക്ക് ആകെ ചെലവായത് 8.2 കോടി രൂപയാണ്. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് കോടി രൂപ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്നാണ് അനുവദിച്ചിട്ടുള്ളത്.
ദേവസ്വം ക്ഷേത്രങ്ങളിൽ ഭക്തര്‍ കാണിക്കയിടുന്നതടക്കമുള്ള പണമാണ് സര്‍പ്ലസ് ഫണ്ട് എന്നറിയപ്പെടുന്നത്. ഈ പണം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ട് അനുവദിക്കാന്‍ കഴിയുകയുള്ളൂ. അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചിലവഴിക്കില്ലെന്നും സ്പോൺസർമാർ വഴി പണം കണ്ടെത്തും എന്നുമായിരുന്നു ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയിരുന്നത്.
Discussion about this post