മുംബൈ ; രാജ്യത്ത് അരിശേഖരം പത്തുവർഷത്തെ ഉയർന്ന നിലയിൽ. ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം ഫുഡ് കോർപ്പറേഷന്റെ കൈവശമുള്ള ശേഖരം 3.63 കോടി ടണ്ണിലെത്തി. ആവശ്യമുള്ളതിലും 2.5 മടങ്ങ് അധികശേഖരമാണ് ഇപ്പോഴുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് വർധന.
ഖാരിഫ് സീസണിലെ മികച്ച വിളവും ഉയർന്ന താങ്ങുവിലയും അരിശേഖരം ഉയരാൻ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അരി മാത്രമല്ല,ഗോതമ്പിന്റെ ശേഖരവും ഉയരുകയാണ്. പുതിയ കണക്കു പ്രകാരം ഗോതമ്പ് ശേഖരം 3.23 കോടി ടൺ ആണ്. സർക്കാർ 2.05 കോടി ടൺ ലക്ഷ്യമിട്ട സ്ഥാനത്താണിത്. നാലു വർഷത്തെ ഉയർന്ന നിലവാരമാണിത്. അരിയുടെയും ഗോതമ്പിന്റെയും ശേഖരം ഉയരുന്നത് ഇവ കൂടുതലായി കയറ്റുമതി ചെയ്യാൻ അവസരമൊരുക്കും.
വിപണിയിൽ വില വർധന നിയന്ത്രിക്കാനും ഇത് സർക്കാരിന് സഹായകരമാകും. താങ്ങുവിലയനുസരിച്ച് വർഷം 5.2 കോടി ടണ്ണിനും 5.3 കോടി ടണ്ണിനും ഇടയിൽ അരി എഫ് സിഐ വാങ്ങുന്നുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം 3.6 കോടി ടൺ മുതൽ 3.8 കോടി ടൺ വരെ വിതരണം ചെയ്യുന്നു. ഒക്ടോബർ മുതൽ പുതിയ വിളവെടുപ്പ് സീസൺ തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ ശേഖരം ഇനിയും ഉയർന്നേക്കും. നിലവിൽ എഫ്സിഐയുടെ 3.63 കോടി ടൺ അരി എഫ്സിഐയുടെ കൈവശമുണ്ട് .
മില്ലുകളിൽ നിന്ന് ഒരുകോടി ടൺ കൂടി എഫ് സിഐയിലേക്കെത്താനുണ്ട്. എഫ്സിഐ വാങ്ങുന്ന നെല്ല് മില്ലുകളിൽനിന്ന് അരിയാക്കിയാണ് ഗോഡൗണുകളിലേക്കു മാറ്റുന്നത്. ഈ അരിയാണ് തിരികെയെത്താനുള്ളത്. ഒക്ടോബർ ഒന്നിലെ കണക്കുപ്രകാരം 1.025 കോടി ടൺ ശേഖരമാണ് രാജ്യത്തിന് ആവശ്യമായുള്ളത്. അതേസമയം,രാജ്യത്തുനിന്നുള്ള അരി കയറ്റുമതി ഉയരുന്നു തുടങ്ങിയിട്ടുണ്ട്. ലോകത്തിൽ അരികയറ്റുമതിയുടെ 40 ശതമാനമാണ് ഇന്ത്യൻ വിഹിതം.
കഴിഞ്ഞവർഷം അരിശേഖരം കുറഞ്ഞതിനെത്തുടർന്ന് കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നിരുന്നു. 2025 മാർച്ചിലാണ് ഇത് ഒഴിവാക്കിയത്. ഈവർഷം അരി കയറ്റുമതിയിൽ 25 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നതായി റൈസ് എക്സപോർട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 2026- ’27 വിപണി സീസണിലേക്കുള്ള ഗോതമ്പ് ഏറ്റെടുക്കൽ ഏപ്രിലിലാണ് ആരംഭിക്കുക.
അതുകൊണ്ടുതന്നെ അടുത്ത ആറുമാസംകൊണ്ട് അധികശേഖരം പൊതുവിപണിയിലൂടെ ഒഴിവാക്കാൻ സർക്കാരിന് സമയമുണ്ട്. ഇത് വിപണിയിൽ വില കുറയ്ക്കാനും സഹായകമാകും. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഗോതമ്പ് ശേഖരം കുറഞ്ഞത് സർക്കാരിന് ആശങ്കയ്ക്കിടയാക്കിയിരുന്നു.
Discussion about this post