ലേ : ലഡാക്ക് പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട ലഡാക്കി വിദ്യാഭ്യാസ പരിഷ്കർത്താവും കാലാവസ്ഥാ പ്രവർത്തകയുമായ സോനം വാങ്ചുക്ക്. ലഡാക്കിൽ സമാധാനം നിലനിർത്തണമെന്ന് അദ്ദേഹം തന്നെ അണികളോട് അഭ്യർത്ഥിച്ചു. ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് സോനം വാങ്ചുക്ക് തന്റെ അണികൾക്ക് ഉള്ള സന്ദേശം പുറത്തുവിട്ടത്.
ലേ പ്രതിഷേധത്തിനിടെ നാല് പേരുടെ മരണത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സോനം വാങ്ചുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റുന്നതുവരെ ജയിലിൽ തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) നേതാവ് സജാദ് കാർഗിലിയാണ് സോനം വാങ്ചുക്കിന്റെ സന്ദേശം എക്‌സിൽ പോസ്റ്റ് ചെയ്തത്.
“ഞാൻ ശാരീരികമായും മാനസികമായും ആരോഗ്യവാനാണ്, എല്ലാവരുടെയും ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അറസ്റ്റ് ചെയ്യപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. നമ്മുടെ നാല് പേരുടെ കൊലപാതകത്തിൽ സ്വതന്ത്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം, അത് സംഭവിക്കുന്നതുവരെ ഞാൻ ജയിലിൽ കഴിയാൻ തയ്യാറാണ്. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടിയുള്ള ഞങ്ങളുടെ യഥാർത്ഥ ഭരണഘടനാ ആവശ്യത്തിൽ സുപ്രീം ബോഡി, കെഡിഎ, ലഡാക്ക് ജനത എന്നിവരോടൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. ലഡാക്കിന്റെ താൽപ്പര്യങ്ങൾക്കായി സുപ്രീം ബോഡി സ്വീകരിക്കുന്ന ഏതൊരു നടപടിയെയും ഞാൻ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു. സമാധാനവും ഐക്യവും നിലനിർത്താനും യഥാർത്ഥ ഗാന്ധിയൻ അഹിംസയിലൂടെ സമാധാനപരമായി അവരുടെ പോരാട്ടം തുടരാനും ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്നാണ് അഭിഭാഷകൻ മുഖേന ജോധ്പൂർ ജയിലിൽ നിന്നും സോനം വാങ്ചുക്ക് പങ്കുവെച്ച സന്ദേശം.
Discussion about this post