ന്യൂഡൽഹി : വിദേശത്ത് പോയി സ്വന്തം രാജ്യത്തിനും ജനാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തിയ ആദ്യത്തെ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. അത്തരം കാര്യങ്ങളിൽ ഇന്ദിരാ ഗാന്ധി പോലും ചില മര്യാദകൾ പാലിച്ചിരുന്നു. രാജ്യത്തിന് പുറത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കില്ലെന്ന് ഇന്ദിരാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ എല്ലാ വിദേശരാജ്യങ്ങളിലെ പ്രസംഗങ്ങളിലും ഇന്ത്യയോടുള്ള വിരുദ്ധത പുറത്തു വരുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. ഇന്ത്യയ്ക്ക് ലോകത്തെ നയിക്കാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധി കൊളംബിയയിൽ നടത്തിയ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന ധാരണ വിദേശത്ത് പ്രചരിച്ചാൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
കൊളംബിയയിൽ രാഹുൽ ഗാന്ധി നടത്തിയ ജെൻസി പരാമർശത്തെയും കിരൺ റിജിജു അപലപിച്ചു. ഇന്ത്യയിലെ ജെൻസി മോദിയോടൊപ്പം നിൽക്കുന്നവരാണ്. കോൺഗ്രസിനെ ഒഴിവാക്കാൻ മോദിക്ക് വേണ്ടി വോട്ട് ചെയ്തവരാണ് അവർ. യുവാക്കൾ എപ്പോഴും അഴിമതിക്കും കുടുംബ നിയന്ത്രണത്തിലുള്ള രാഷ്ട്രീയത്തിനും എതിരാണെന്നും പ്രത്യേകിച്ച് കോൺഗ്രസിനെതിരെയാണെന്നും കിരൺ റിജിജു പറഞ്ഞു.
Discussion about this post