ഇസ്താംബൂൾ : സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ആയ ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് ആരോപണം. ഗാസയിൽ നിന്നും തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ചില ആക്ടിവിസ്റ്റുകൾ ഇസ്രായേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിച്ച ഫ്ലോട്ടില്ലയിൽ പങ്കെടുത്ത ഗ്രെറ്റ തൻബെർഗിനോട് ഇസ്രായേൽ സൈന്യം അതിക്രൂരമായി പെരുമാറിയത് എന്നാണ് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്.
ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ സൈന്യം മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ഇസ്രായേൽ പതാകയിൽ നിർബന്ധിച്ച് ചുംബിപ്പിച്ചു. മൃഗങ്ങളോട് പെരുമാറുന്നത് പോലെയാണ് അവർ പെരുമാറിയത്. ശുദ്ധമായ ഭക്ഷണവും വെള്ളവും നിഷേധിച്ചു. അവരുടെ സാധനങ്ങളും മരുന്നുകളും പിടിച്ചെടുത്തു. ഇസ്രായേൽ പതാക ധരിക്കാൻ നിർബന്ധിച്ചു, എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഇസ്രായേൽ സൈന്യത്തിനെതിരെ തുർക്കിയിലേക്ക് നാടുകടത്തിയ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്.
മലേഷ്യൻ പൗരനായ ഹജ്‌വാനി ഹെൽമി, അമേരിക്കൻ പൗരനായ വിൻഡ്‌ഫീൽഡ് ബീവർ, തുർക്കി ആക്ടിവിസ്റ്റ് എർസിൻസെലിക് അനഡോലു എന്നീ ആക്ടിവിസ്റ്റുകളാണ് ഇസ്താംബൂളിൽ വെച്ച് റോയിട്ടേഴ്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ആരോപിച്ചത്. ശനിയാഴ്ച ഏകദേശം 137 ആക്ടിവിസ്റ്റുകളെ ആണ് ഇസ്രായേൽ ഗാസയിൽ നിന്നും നാടുകടത്തി തുർക്കിയിലേക്ക് അയച്ചിരുന്നത്. തടങ്കലിൽ വെച്ചപ്പോൾ കഠിനമായ പെരുമാറ്റം നേരിട്ടതായി ഈ ആക്ടിവിസ്റ്റുകൾ തുർക്കിയിൽ നിന്നും റിപ്പോർട്ട് ചെയ്തു.
Discussion about this post