സ്റ്റോക്ക്‌ഹോം : 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ (യുഎസ്), ഫ്രെഡ് റാംസ്‌ഡെൽ (യുഎസ്), ഷിമോൺ സകാഗുച്ചി (ജപ്പാൻ) എന്നിവരാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ചിരിക്കുന്നത്. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് ഗവേഷണത്തിനാണ് ഇവർക്ക് നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത്.
സ്റ്റോക്ക്‌ഹോമിൽ വെച്ച് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. രോഗപ്രതിരോധ ശേഷി നിയന്ത്രിക്കുന്ന ടി കോശങ്ങളുടെ കണ്ടെത്തലിന്റെ പേരിലാണ് ഈ മൂവർ സംഘം വൈദ്യശാസ്ത്ര നോബൽ കരസ്ഥമാക്കിയത്. രോഗപ്രതിരോധ കോശങ്ങൾ നമ്മുടെ സ്വന്തം ശരീരത്തെ ആക്രമിക്കുന്നത് തടയുന്നതിനെ കുറിച്ചുള്ള ഗവേഷണമാണ് നിർണായകമായത്. “രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമുക്കെല്ലാവർക്കും ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകൾ നിർണായകമാണ്,” എന്ന് നൊബേൽ കമ്മിറ്റി ചെയർമാനായ ഒല്ലെ കാംപെ പറഞ്ഞു.
കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഗവേഷണത്തിന്റെ പുതിയ വഴികളാണ് പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് ഗവേഷണം വഴി ലോകത്തിന് ലഭ്യമായിട്ടുള്ളത്. മേരി ഇ. ബ്രങ്കോ യുഎസ്എയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി, നിലവിൽ സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിൽ സീനിയർ പ്രോഗ്രാം മാനേജരായി സേവനമനുഷ്ഠിക്കുന്ന വ്യക്തിത്വമാണ്. ഫ്രെഡ് റാംസ്‌ഡെൽ 1987-ൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി, നിലവിൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സോനോമ ബയോതെറാപ്പിറ്റിക്സിൽ ഒരു ശാസ്ത്ര ഉപദേഷ്ടാവാണ്. ഷിമോൺ സകാഗുച്ചി ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. നിലവിൽ ഒസാക്ക സർവകലാശാലയിലെ ഇമ്മ്യൂണോളജി ഫ്രോണ്ടിയർ റിസർച്ച് സെന്ററിലെ വിശിഷ്ട പ്രൊഫസറാണ് അദ്ദേഹം.
Discussion about this post