ന്യൂഡൽഹി : ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളെ രാജ്യം വിടാൻ സഹായിച്ചതിന് ഒരാൾക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (ബികെഐ) സഹകരിച്ച് പ്രവർത്തിക്കുന്ന രാഹുൽ സർക്കാർ എന്ന വ്യക്തിക്കെതിരെയാണ് എൻഐഎ പുതുതായി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിലെ പ്രധാന പ്രതിക്ക് വേണ്ടി വ്യാജ പാസ്‌പോർട്ട് നിർമ്മിച്ചു നൽകിയത് രാഹുൽ സർക്കാർ ആണെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
ഈ കേസുകളുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൂസേവാല കൊലപാതകത്തിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ ഗുണ്ടാസംഘം സച്ചിൻ ബിഷ്‌ണോയി എന്ന താപ്പന് വേണ്ടിയാണ് വ്യാജ രേഖകൾ ഉപയോഗിച്ച് രാഹുൽ സർക്കാർ പാസ്പോർട്ട് നിർമ്മിച്ചു നൽകിയത്.
ആധാർ കാർഡ് , വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുന്നതിലും ക്രമീകരിക്കുന്നതിലും രാഹുൽ സർക്കാരിന്റെ പങ്ക് വ്യക്തമാണെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ച 22-ാമത്തെ പ്രതിയാണ് രാഹുൽ സർക്കാർ. പ്രതികളിൽ രാഹുൽ സർക്കാർ ഉൾപ്പെടെ 18 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേർ ഒളിവിലാണ്.
Discussion about this post