ന്യൂഡൽഹി : തിയേറ്ററുകളിൽ വമ്പൻ കുതിപ്പ് തുടരുന്ന കാന്താര ചാപ്റ്റർ വൺ എന്ന ചിത്രം കാണാൻ താല്പര്യം പ്രകടിപ്പിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആഗ്രഹം നിറവേറ്റി നിർമ്മാതാക്കൾ. രാഷ്ട്രപതിക്കായി സിനിമയുടെ പ്രത്യേക പ്രദർശനം രാഷ്ട്രപതി ഭവനിൽ നടത്തി. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.
തീരദേശ കർണാടകയിലെ ദൈവ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ കഥയാണ് കാന്താര പറയുന്നത്. ഇന്ത്യയിൽ ആകെ ചിത്രം വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രപതി ഭവനിൽ പ്രദർശനം നടത്തിയതിലൂടെ ഒരു പ്രാദേശിക ചിത്രത്തിന് ലഭിക്കുന്ന അപൂർവ ബഹുമതിയാണ് കാന്താരക്ക് ലഭിച്ചിരിക്കുന്നത്.
പാരമ്പര്യത്തിൽ വേരൂന്നിയ സാംസ്കാരിക സ്വത്വത്തിന്റെ ചിത്രീകരണം ഭാഷാപരവും പ്രാദേശികവുമായ തടസ്സങ്ങളെ മറികടന്ന് ഇന്ത്യയിൽ ഒട്ടാകെ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. 2022-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താരയുടെ പ്രീക്വൽ ആയി വരുന്നതാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം ഹോംബാലെ ഫിലിംസിന് വേണ്ടി വിജയ് കിരഗന്ദൂർ,
ചലുവെ ഗൗഡ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം,
ഗുൽഷൻ ദേവയ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും ബി. അജനീഷ് ലോക്നാഥ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.
Discussion about this post