ന്യൂഡൽഹി : 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് 1.2 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സുരക്ഷാ വെല്ലുവിളികളെ നേരിടാൻ രാജ്യം സ്വാശ്രയത്വത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 74,000 കോടി രൂപയുടെ തദ്ദേശീയ സൈനിക ഉപകരണങ്ങൾ ആയിരുന്നു ഇന്ത്യ
വാങ്ങിയിരുന്നത്.
ആധുനികകാലത്ത് യുദ്ധക്കളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് ഡ്രോണുകളുടെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാരിന് പൂർണ്ണമായി അറിയാമെന്നും അതിനനുസരിച്ച് സൈന്യത്തെ സജ്ജമാക്കുകയാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി, രാജ്യത്ത് തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സർക്കാർ നിരവധി നയ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ നയങ്ങളുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ ഉപകരണങ്ങൾക്ക് ഇപ്പോൾ ഇന്ത്യ പ്രാധാന്യം നൽകുന്നു എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
ഇന്നത്തെ യുദ്ധം പൂർണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിതമായി മാറിയിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ അത് നമ്മൾ കണ്ടു. പ്രതിരോധ മേഖലയിലെ ഒരു പ്രധാന ആഗോള കയറ്റുമതിക്കാരായി നാം മാറുകയാണ്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതിൽ പ്രതിരോധ മേഖലയുടെ പങ്ക് പ്രധാനമാണ്, എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post