മലയാളത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരാണ് സഹോദരന്മാരായ ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, മയിൽപീലികാവ് പുലിവാൽകല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിങ്ങനെ ഉള്ള ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളെല്ലാം ബേണി – ഇഗ്നേഷ്യസ് ജോഡി ഉണ്ടാക്കിയതാണ്. 1992 ൽ കാഴ്ചക്കപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സംഗീത ലോകത്തേക്ക് എത്തിയ ഇവരെ പ്രശസ്തനാക്കിയത് 1994 ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്തിലൂടെ ആയിരുന്നു.
അതെ വർഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ ” പൂനിലാമഴ പെയ്തിറങ്ങിയ” എന്ന ഗാനമൊക്കെ ഏറ്റുപാടാത്ത ആളുകൾ ഉണ്ടാകില്ല. എന്നാൽ ഈ ചിത്രത്തോടെ സിനിമ മേഖലയോട് തന്നെ വിടപറയാൻ ബേണി ഇഗ്നേഷ്യസ് ആലോചിച്ചിരുന്നു. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത് സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു.
ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ബേണി ഇങ്ങനെ പറഞ്ഞു:
” ഞങ്ങൾ വളരെ പെട്ടെന്ന് ഉണ്ടാക്കിയ പാട്ടായിരുന്നു മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ ” പൂനിലാമഴ പെയ്തിറങ്ങിയ” എന്ന പാട്ട്. അതിന്റെ ട്യൂൺ കേട്ട ഉടൻ ഗിരീഷ് അതിന്റെ വരികളും എഴുതി. പിറ്റേ ദിവസമായിരുന്നു അതിന്റെ റെക്കോഡിങ്. ഞാൻ ആകട്ടെ അന്ന് രാത്രി പെട്ടെന്ന് കിടന്ന് ഉറങ്ങി. അപ്പോൾ ചേട്ടനും ഗിരീഷും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ചേട്ടൻ ഗിരീശഷിനോട് അപ്പോൾ പറഞ്ഞു, ഇതാണ് ഞങ്ങളുടെ അവസാന ചിത്രം, ഈ മേഖല ഞങ്ങൾക്ക് പറ്റിയതല്ല എന്നൊക്കെ. ഗിരീഷ് എന്താണ് അങ്ങനെ ഒരു തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾക്ക് പാട്ടോ അതിലെ രാഗങ്ങളോ ഒന്നും കൂടുതലായി അറിയില്ല എന്നായിരുന്നു ചേട്ടൻ ഗിരീഷിന് കൊടുത്ത മറുപടി”
” ഇത് കേട്ടയുടൻ ഗിരീഷ് മുറുക്കാൻ ചവച്ചുകൊണ്ട് പറഞ്ഞു ‘ ഇഗ്നേഷ്യസെ തേന്മാവിൻ കൊമ്പത്ത് ചെയ്യാൻ ചെമ്മാങ്കുടി സ്വാമിക്ക് പറ്റില്ല. അതിന് ഗിരീഷ് പുത്തഞ്ചേരിയും ബേണിയും ഇഗ്നേഷ്യസും ഒകെ വേണം. ഇത് നിങ്ങൾക്ക് പറ്റുന്ന ഫീൽഡ് ആണ് നിങ്ങൾ ഇവിടെ തുടരണം’ ഗിരീഷിന്റെ ആ വാക്കുകൾ തന്നെ ആയിരുന്നു പിന്നെ ഞങ്ങൾക്ക് ബലം.” ബേണി പറഞ്ഞു.
Discussion about this post