ഷിംല : ഹിമാചൽപ്രദേശിൽ മലയിടിച്ചിൽ അവശിഷ്ടങ്ങൾ ബസിനു മുകളിലേക്ക് വീണ് അപകടം. ബിലാസ്പൂരിലാണ് അപകടം നടന്നത്. ബാർത്തിനിലെ ഭല്ലു പാലത്തിന് സമീപമുള്ള ചെറിയ മല ഇടിഞ്ഞ് മണ്ണും അവശിഷ്ടങ്ങളും ബസിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഇതുവരെ 15 പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഈ പെൺകുട്ടികളിൽ ഒരാളുടെ അമ്മ അപകടത്തിൽ മരിച്ചു. രക്ഷിച്ച കുട്ടികളെ ബാർത്തിൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ബസിൽ ഏകദേശം 35 പേരാണ് ഉണ്ടായിരുന്നത്. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള 15 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Discussion about this post