ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്നത്. പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബോംബേറും വെടിവെപ്പും ഉണ്ടാവുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ തെഹ്രീക്-ഇ-താലിബാൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരു പാകിസ്താൻ ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉൾപ്പെടുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താൻ സൈന്യം ഒരു ഓപ്പറേഷൻ ആരംഭിക്കുകയും പ്രദേശം വളയുകയും ചെയ്തതോടെ ആണ് ടിടിപി പ്രവർത്തകർ ആക്രമണം നടത്തിയത്.
ഖൈബർ പഖ്തുൻഖ്വയിലെ ഒറാക്സായി ജില്ലയിൽ ആണ് സംഭവം നടന്നത്. മേഖലയിൽ ടിടിപി തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്നലെ രാത്രി രഹസ്യാന്വേഷണ വിവരം ലഭിച്ചതായാണ് പാകിസ്താൻ ആർമി വ്യക്തമാക്കിയിട്ടുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ടിടിപി പ്രവർത്തകർ പാക് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണൽ ജുനൈദ് ആരിഫ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജുനൈദ് ആരിഫിന്റെ രണ്ടാമത്തെ കമാൻഡറായിരുന്ന മേജർ തയ്യാബ് റാഹത്തും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Discussion about this post