ഗാന്ധി നഗർ : ഒരിക്കൽ മതപരിവർത്തനത്തിന് ഇരയായവർ മറ്റാരെയെങ്കിലും മതപരിവർത്തനത്തിനായി പ്രേരിപ്പിച്ചാൽ അവർക്കെതിരെയും കേസെടുക്കാം എന്ന് ഗുജറാത്ത് ഹൈക്കോടതി. മറ്റൊരാളെ മതം മാറാൻ പ്രേരിപ്പിക്കുന്നവർ തങ്ങളും മതപരിവർത്തനത്തിന്റെ ‘ഇരകൾ’ എന്ന് പറഞ്ഞ് കൊഴിഞ്ഞു മാറാൻ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ബറൂച്ച് ജില്ലയിലെ അമോദ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലാണ് ഗുജറാത്ത് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 37 ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള 100-ലധികം പേരെ മൂന്ന് പേർ ചേർന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതായി എഫ്‌ഐആറിൽ ആരോപിക്കുന്നു. ഒരാൾ പ്രതിഷേധിച്ചപ്പോൾ, അദ്ദേഹത്തെ ഭീഷണിപ്പെടുത്തി, തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കുറ്റകൃത്യം ചെയ്തവർ തങ്ങളും മതപരിവർത്തനത്തിന്റെ ഇരകളായിരുന്നു എന്നാണ് കോടതിയിൽ വാദിച്ചത്.
എന്നാൽ മതപരിവർത്തനത്തിന് വിധേയരാകുകയും തുടർന്ന് മറ്റുള്ളവരെ ‘സമ്മർദ്ദം ചെലുത്തുകയോ, വശീകരിക്കുകയോ’ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന വ്യക്തികളെ ഇരകളായി കണക്കാക്കാനാവില്ലെന്നും ഈ കുറ്റകൃത്യത്തിന് അവർക്കെതിരെ കേസെടുക്കാമെന്നും കോടതി പറഞ്ഞു. പ്രതികളിൽ ചിലർ, ആദ്യം ഇസ്ലാം മതം സ്വീകരിച്ചവരും അവരുടെ സമുദായത്തിലെ മറ്റ് വ്യക്തികളെ പ്രലോഭിപ്പിച്ച് ഇതേ രീതിയിൽ മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോടതി പ്രതികളുടെ അപേക്ഷ തള്ളി.
Discussion about this post