മുംബൈ : ഖാലിസ്ഥാനി തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് യുകെ പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയിൽ ഖാലിസ്ഥാനി തീവ്രവാദ വിഷയം വിശദമായി ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ജനാധിപത്യ സമൂഹങ്ങളിൽ ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങൾക്കും സ്ഥാനമില്ലെന്ന് മോദി വ്യക്തമാക്കി.
ജനാധിപത്യ സമൂഹം നൽകുന്ന സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയതായി വിക്രം മിശ്ര പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഉള്ള നിയമ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഇത്തരം തീവ്രവാദികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ത്യ സന്ദർശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദർശിക്കുന്ന എക്കാലത്തെയും വലിയ ബ്രിട്ടീഷ് ബിസിനസ്സ് പ്രതിനിധി സംഘമായ ബ്രിട്ടനിലെ ഏറ്റവും പ്രമുഖരായ ബിസിനസ്സ് നേതാക്കൾ, സംരംഭകർ, അക്കാദമിക് വിദഗ്ധർ എന്നിവരടങ്ങുന്ന 125 ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനത്തിനായി എത്തിയത്. ചലച്ചിത്ര നിർമ്മാണത്തിലെ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം മുംബൈയിലെ യാഷ് രാജ് ഫിലിംസ് സന്ദർശിച്ചു. ഒരു ഫുട്ബോൾ പരിപാടിയിലും കെയർ സ്റ്റാർമർ പങ്കെടുത്തു.
Discussion about this post