ലഖ്‌നൗ : ബറേലി കലാപം ഉത്തർപ്രദേശ് സർക്കാരിന്റെ ആസൂത്രിത ഗൂഡാലോചനയാണെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബറേലിയിൽ നടന്ന അക്രമം പൊതുജനശ്രദ്ധ തിരിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ മനഃപൂർവ്വം ആസൂത്രണം ചെയ്തതാണ്. ഉത്തർപ്രദേശിൽ പിന്നാക്ക വിഭാഗങ്ങളും മുസ്ലീങ്ങളും വിവേചനം നേരിടുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
സംസ്ഥാന ഭരണകൂടം ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടു. താനും സംഘവും ബറേലി സന്ദർശിക്കാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞു. ദരിദ്രരുടെയും മുസ്ലീങ്ങളുടെയും സ്വത്തുക്കൾ ഇടിച്ചു നിരത്തുകയാണ് ഉത്തർപ്രദേശ് സർക്കാർ ചെയ്യുന്നത് എന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ബിജെപി സർക്കാരിന്റെ ‘ബുൾഡോസർ രാഷ്ട്രീയത്തെ തങ്ങൾ ശക്തമായി എതിർക്കുന്നതായും അഖിലേഷ് യാദവ് വ്യക്തമാക്കി. ദരിദ്രരെ ശിക്ഷിക്കുന്ന ബുൾഡോസർ സംസ്കാരത്തിന് ഞങ്ങൾ എതിരാണ്. ബറേലി ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് സിംഗിനെതിരെയും അഖിലേഷ് വിമർശനം ഉന്നയിച്ചു. അവിനാശ് സിംഗ് ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അഖിലേഷ് കുറ്റപ്പെടുത്തി.
Discussion about this post