ഇസ്ലാമാബാദ് : ഗാസ അനുകൂല പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭങ്ങൾ പാകിസ്താനിൽ രൂക്ഷമായ കലാപമായി മാറുന്നു. ലാഹോറിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയും പോലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തു. രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുകൾ ഏറ്റിട്ടുണ്ട്.
ലാഹോറിൽ ആകെ രൂക്ഷമായ ആക്രമണങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇസ്ലാമാബാദിലും പ്രതിഷേധം ശക്തമായതോടെ റോഡുകൾ ഉപരോധിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക മൗലികവാദ സംഘടനയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാകിസ്താൻ ഭരണകൂടത്തിന്റെ രൂക്ഷ വിമർശകർ കൂടിയാണ് ഈ തീവ്ര മതസംഘടന.
പ്രക്ഷോഭകാരികൾ ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. വിവിധ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ കത്തിക്കുകയും ചെയ്തു. ഇസ്ലാമാബാദിൽ നിരവധി ഹോട്ടലുകൾ ഒഴിപ്പിക്കപ്പെട്ടു. ഇസ്ലാമാബാദിലെ യുഎസ് എംബസിയും ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിലെ യുഎസ് കോൺസുലേറ്റുകളും ഉദ്യോഗസ്ഥർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post