2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങവെ, ഇന്ത്യൻ ബൗളിംഗ് നിരയിലെ വിള്ളലുകൾ ചൂണ്ടിക്കാട്ടി മുൻ താരം മുഹമ്മദ് കൈഫ്. ബുംറയും അർഷ്ദീപും നൽകുന്ന ആത്മവിശ്വാസം ബാക്കി ഓവറുകളിൽ ഇന്ത്യയ്ക്ക് ലഭിക്കുന്നില്ലെന്നതാണ് കൈഫിന്റെ പ്രധാന ആശങ്ക.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് കൈഫ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെങ്കിലും ബൗളിംഗിലെ ചില പൊരുത്തക്കേടുകൾ തിരിച്ചടിയായേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ ബൗളിംഗിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ എറിയുന്ന 12 ഓവറുകളിൽ കൈഫിന് പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ ബാക്കിയുള്ള 8 ഓവറുകളാണ് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നത്. “ഹാർദിക് പാണ്ഡ്യയുടെ നാല് ഓവറുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അഞ്ചാമത്തെയും ആറാമത്തെയും ബൗളർമാരുടെ പ്രകടനം നിർണ്ണായകമാകും. വാഷിംഗ്ടൺ സുന്ദറോ ശിവം ദുബെയോ എറിയുന്ന ഓവറുകളിൽ റൺസ് ചോരാൻ സാധ്യതയുണ്ട്,” കൈഫ് പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയ ഇടങ്കയ്യൻ ബാറ്റ്‌സ്മാന്മാരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് തലവേദനയാണ്. ഇടങ്കയ്യൻ ബാറ്റ്‌സ്മാന്മാർക്കെതിരെ അക്ഷർ പട്ടേൽ അത്ര ഫലപ്രദമാകില്ലെന്നത് കൊണ്ടാണ് വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ പരിഗണിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തിൽ തിലക് വർമ്മയെയും റിങ്കു സിംഗിനെയും കൊണ്ട് പന്തെറിയിച്ചതും കൂടുതൽ ഓഫ് സ്പിൻ ഓപ്ഷനുകൾ കണ്ടെത്താനുള്ള സൂര്യകുമാറിന്റെ തന്ത്രമാണെന്ന് കൈഫ് നിരീക്ഷിച്ചു.
ബുംറയെയും വരുൺ ചക്രവർത്തിയെയും ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ സൂക്ഷ്മതയോടെ നേരിടാനാണ് സാധ്യത. അവർക്കെതിരെ റിസ്ക് എടുക്കാതെ ബാക്കി ഓവറുകളിൽ ഹാർദിക്കിനെയും ദുബെയെയും സുന്ദറിനെയും അക്രമിക്കാൻ പ്രോട്ടീസ് നിര ശ്രമിക്കുമെന്നും കൈഫ് ഓർമ്മിപ്പിച്ചു. റയാൻ റിക്കിൾട്ടൺ, മാർക്രം, സ്റ്റബ്സ് തുടങ്ങിയവർ ഐപിഎല്ലിലൂടെ അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്.












