ഒക്ടോബർ 19 നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ഏകദിന പരമ്പര ആരംഭിക്കും. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച അവസരത്തിൽ ടീമുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞ് ഇതിഹാസങ്ങൾ പലരും രംഗത്ത് എത്തുകയാണ്. അതിനിടെ ബാക്കപ്പ് കീപ്പറായി സഞ്ജു സാംസണ് പകരം ധ്രുവ് ജൂറലിനെ തിരഞ്ഞെടുത്ത തീരുമാനത്തിന് ചീഫ് സെലക്ടർ അജിത് അഗാർക്കറെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത് വന്നിരിക്കുകയാണ്.
ഈ വിചിത്രമായ സെലക്ഷനെക്കുറിച്ച് സംസാരിച്ച മുഹമ്മദ് കൈഫ്, ധ്രുവ് ജൂറൽ പ്രതീക്ഷ നൽകുന്ന കളിക്കാരനാണെങ്കിലും മധ്യനിരയിൽ സഞ്ജു സാംസൺ ആയിരുന്നു മികച്ച ഓപ്ഷൻ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ധ്രുവ് ജൂറൽ നന്നായി കളിച്ചു. അദ്ദേഹം വളരെ മികച്ച ടെക്നിക്കുള്ള താരമാണ്. തീർച്ചയായും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ്. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. എന്നാൽ സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നു. കാരണം സഞ്ജു സാധാരണയായി അഞ്ചോ ആറോ നമ്പറുകളിൽ ലോവർ ഓർഡറിലാണ് കളിക്കുന്നത്. അവിടെ ജൂറലിനേക്കാൾ വളരെ മികച്ച ഓപ്ഷനാണ് അദ്ദേഹം,” കൈഫ് പറഞ്ഞു.
സ്പിന്നർമാക്കെതിര നന്നായി കളിക്കാനുള്ള സഞ്ജുവിന്റെ കഴിവ് പരിഗണിച്ച് മധ്യ ഓവറുകളിൽ ഏകദിന ക്രിക്കറ്റിൽ സഞ്ജു മികച്ച ഓപ്ഷൻ ആണെന്ന് കൈഫ് ഓർമിപ്പിച്ചു. “മധ്യ ഓവറുകളിൽ പ്രത്യേകിച്ച് സ്പിന്നർമാർക്കെതിരെ സിക്സറുകൾ അടിക്കാൻ കഴിയുന്ന ഒരാളെയാണ് നമുക്ക് വേണ്ടത്. ഏഷ്യാ കപ്പിൽ സഞ്ജു സാംസണിന്റെ കരുത്ത് നമ്മൾ കണ്ടു. അദ്ദേഹം ഓസ്ട്രേലിയയിൽ പോയിരുന്നെങ്കിൽ, ആദം സാംബയുടെ ഓവറിൽ പത്തിൽ പരമാവധി റൺസ് നേടുമായിരുന്നു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ അദ്ദേഹം ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.” കൈഫ് വിശദീകരിച്ചു.
Discussion about this post