ന്യൂയോർക്ക് ; യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം. 24 കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെന്നസിയിലെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 19 പേരെ കാണാതായി. ഇവർ മരിച്ചതായി കരുതുന്നതായും റിപ്പോർട്ടുണ്ട്.
യുഎസ് മിലിട്ടറിയുടെ ടെന്നസിയിലെ ഒരു സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരു കെട്ടിടം തകർന്നതിനെ തുടർന്ന് പതിനെട്ട് പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി യുഎസ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക, പൊളിക്കൽ സ്ഫോടകവസ്തുക്കളുടെ നിർമ്മാതാവായ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിൽ പുലർച്ചെ ആണ് അതിശക്തമായ സ്ഫോടനം നടന്നത്.
യുഎസ് സൈന്യത്തിന് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ്. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബക്‌സ്‌നോർട്ട് പ്രദേശത്താണ് കമ്പനിയുടെ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പ്രോസസ്സ് ചെയ്യുന്ന കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്.
സ്ഫോടനത്തിന്റെ പ്രകമ്പനം 15 മൈൽ അകലെ വരെ അനുഭവപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അര ചതുരശ്ര മൈലിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അതേസമയം സ്ഫോടന സമയത്ത് പ്ലാന്റിൽ എത്ര പേർ ജോലി ചെയ്തിരുന്നു എന്നോ എത്ര പേർ അവിടെ ഉണ്ടായിരുന്നു എന്നോ ഉള്ള വിവരങ്ങൾ ഇതുവരെ യുഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
Discussion about this post