ടോക്യോ : ജപ്പാനിൽ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ ജപ്പാൻ ഫ്ലൂ എന്ന് വിളിക്കപ്പെടുന്ന ഈ പകർച്ചപ്പനി മൂലം നാലായിരത്തിലധികം പേർ നിലവിൽ ചികിത്സയിലുണ്ട്. ഒകിനാവ, ടോക്കിയോ, കഗോഷിമ നഗരങ്ങളെയാണ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സർക്കാർ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പകർച്ചവ്യാധിപടരുന്നതിനെ തുടർന്ന് ജപ്പാനിലെ വിവിധ മേഖലകളിലായി ഇതുവരെ 130-ലധികം സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, ചൈൽഡ്കെയർ സെന്ററുകൾ എന്നിവ അടച്ചുപൂട്ടി. കോവിഡ്-19 പാൻഡെമിക് സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമയത്ത് അനുഭവപ്പെട്ടതിന് സമാനമാണ് ജപ്പാനിലെ നിലവിലെ സാഹചര്യം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജപ്പാനിൽ പനിയുടെ സീസൺ ആരംഭിക്കുന്നതിനും അഞ്ച് ആഴ്ച മുൻപേ ആണ് ഈ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ 28 എണ്ണത്തിലും ഇൻഫ്ലുവൻസ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടു. വാക്സിനേഷൻ, മാസ്ക് ധരിക്കൽ, പതിവായി കൈ കഴുകൽ, അണുബാധ പടരുന്നത് തടയൽ തുടങ്ങിയ പൊതുവായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജപ്പാനിലെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post