റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ അതിക്രൂര കൊലപാതകവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് പോലീസിന് വിവരം നൽകിയതായുള്ള സംശയത്തെ തുടർന്നായിരുന്നു ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്.
ഇൽമിഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുജൽകാങ്കർ നിവാസിയായ സത്യം പൂനെമിനെ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിൽ ഈ പ്രദേശത്ത് വെച്ച് കഴുത്ത് ഞെരിച്ചാണ് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് അവഗണിച്ച് പോലീസിന് വിവരം നൽകിയതാണ് കൊലപാതകത്തിന് കാരണമെന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ ഒരു കുറിപ്പ് എഴുതി മൃതദേഹത്തിന് സമീപം വെച്ചിരുന്നു.
ഈ സംഭവത്തോടെ, ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ഈ വർഷം ഇതുവരെ 40 ഓളം കൊലപാതകങ്ങളാണ് കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയിട്ടുള്ളത്. വ്യത്യസ്ത സംഭവങ്ങളിലായി 11 ബിജെപി നേതാക്കളും പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയവരിൽ ഭൂരിഭാഗവും സാധാരണക്കാരും ആദിവാസികളുമാണ്.
Discussion about this post