ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സെലക്ഷൻ കമ്മിറ്റി പരിഗണിക്കാത്ത ഇന്ത്യൻ വെറ്ററൻ സീമർ മുഹമ്മദ് ഷമി, അതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണം നടത്തി രംഗത്ത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ ആണ് ടീമിൽ ഉള്ളത്.
2023 ലെ ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം പരിക്കിനെത്തുടർന്ന് നീണ്ട ഇടവേളയിലായിരുന്ന തിരിച്ചെത്തി ഷമി ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചു. പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിനായി (SRH) ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസണിൽ മോശം പ്രകടനം കാഴ്ചവച്ചത് താരത്തിന് വിനയായി. ഇതിനിടയിൽ ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തെ ബാധിച്ചു. അതോടെ താരം ടീമിൽ നിന്നും പുറത്തായി. അടുത്തിടെ അഹമ്മദാബാദിൽ നടന്ന സ്ക്വാഡ് സെലക്ഷൻ പത്രസമ്മേളനത്തിൽ, വെറ്ററന്റെ അഭാവത്തെ ചോദ്യം ചെയ്തപ്പോൾ ചീഫ് സെലക്ടർ അജിത് അഗാർക്കറും സമാനമായ ആശങ്ക പ്രകടിപ്പിച്ചു.
“എനിക്ക് ഒരു അപ്‌ഡേറ്റും ഇല്ല. അദ്ദേഹം ദുലീപ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് വർഷത്തിനിടയിൽ, അദ്ദേഹം അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹം ബംഗാളിനു വേണ്ടി ഒരു മത്സരവും ദുലീപ് ട്രോഫിയിൽ ഒരു മത്സരവും കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു പെർഫോമർ എന്ന നിലയിൽ, അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ അദ്ദേഹം ക്രിക്കറ്റ് കളിക്കണം,” അഗാർക്കർ പറഞ്ഞു.
തന്റെ ഫിറ്റ്നസ് സംബന്ധിച്ച് ടീം മാനേജ്‌മെന്റിൽ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് ഷമി മറുപടി നൽകി.
“ഒരു അപ്‌ഡേറ്റ് ലഭിക്കാൻ, നിങ്ങൾ ഒരു അപ്‌ഡേറ്റ് ചോദിക്കണം. ആർക്കാണ് അപ്‌ഡേറ്റുകൾ നൽകുന്നതെന്നും അതെല്ലാം ആരാണ് നൽകുന്നതെന്നും അറിയേണ്ടത് എന്റെ ഉത്തരവാദിത്തമല്ല. എൻസിഎയിലേക്ക് പോകുക എന്നതാണ് എന്റെ ഉത്തരവാദിത്തം, നിങ്ങൾ എനിക്ക് മത്സരങ്ങൾ നൽകിയാൽ, ഞാൻ ആ മത്സരങ്ങളിൽ കളിക്കും. അപ്‌ഡേറ്റുകൾ ചോദിക്കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്, അത് എന്റെ ഉത്തരവാദിത്തമല്ല,”ഷമി പറഞ്ഞു.
ദുലീപ് ട്രോഫിയിൽ കളിച്ചപ്പോൾ ഒരു വിക്കറ്റ് മാത്രമാണ് നേടിയത് എങ്കിലും താരത്തിന് ഫിറ്റ്നസ് ആശങ്ക ഒന്നും ഇല്ല എന്ന് കാണിക്കുന്നതായിരുന്നു ബോളിങ്.
Discussion about this post