ന്യൂഡൽഹി : ഇന്ത്യ സന്ദർശനത്തിനായി എത്തിയ മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആറ് വർഷത്തിനുശേഷമാണ് മംഗോളിയൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശനത്തിനായി എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള 70 വർഷത്തെ ഉഭയകക്ഷി ബന്ധത്തെ സംയുക്ത പത്രസമ്മേളനത്തിൽ മോദി പ്രശംസിച്ചു.
ഇന്ത്യയുടെ സഹകരണത്തോടെ മംഗോളിയയിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി പ്രധാന വികസന പദ്ധതികളെക്കുറിച്ച് സംയുക്ത പത്രസമ്മേളനത്തിൽ മംഗോളിയൻ പ്രസിഡണ്ട് വ്യക്തമാക്കി. “മംഗോളിയയുടെ വികസനത്തിൽ ഇന്ത്യ ഒരു നിശ്ചയദാർഢ്യമുള്ളതും വിശ്വസനീയതയുള്ളതുമായ പങ്കാളിയാണ്. 1.7 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ വഴി മംഗോളിയയിൽ നിർമ്മിക്കുന്ന എണ്ണ ശുദ്ധീകരണശാല പദ്ധതി ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന ഏറ്റവും വലിയ പദ്ധതിയാണ്. നൈപുണ്യ വികസനത്തിലും ഞങ്ങൾ ഞങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്” എന്നും സംയുക്ത പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മംഗോളിയൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷം നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. മംഗോളിയൻ പ്രസിഡന്റ് ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണും. അദ്ദേഹത്തിനുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിൽ പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.
Discussion about this post