ഭീകരതയെ രാഷ്ട്രനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നതിൽ ലോകമെമ്പാടും കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെതിരെ അപവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കവെയാണ് പ്രേമചന്ദ്രൻ പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
ഭീകരത, അക്രമം, മതഭ്രാന്ത് (bigotry), അസഹിഷ്ണുത, തീവ്രവാദം എന്നിവയുടെയെല്ലാം ഉറവിടമാണ് പാകിസ്താൻ. ഈ വർഷം ഏപ്രിലിൽ, പാകിസ്താൻ പരിശീലിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്ത തീവ്രവാദികൾ ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയത്.
പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിലെ ഗുരുതരവും നിലവിലുള്ളതുമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. അവിടെയുള്ള ജനസംഖ്യ പാകിസ്ഥാന്റെ സൈനിക അധിനിവേശത്തിനും, അടിച്ചമർത്തലിനും, ക്രൂരതയ്ക്കും, വിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണത്തിനും എതിരെ പരസ്യമായി കലാപം നടത്തുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രം, അധിനിവേശ പാകിസ്താൻ സൈന്യവും അവരുടെ പ്രോക്സികളും തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രക്ഷോഭം നടത്തിയ നിരവധി നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തി.
എങ്കിലും, 17 നോൺ-സെൽഫ്-ഗവേണിംഗ് ടെറിട്ടറികളുടെ ഡീകൊളണൈസേഷൻ എന്ന മഹത്തായ ലക്ഷ്യത്തിനായി സ്വയം നിർണ്ണയാവകാശ തത്വത്തെ ഒരു മാർഗ്ഗമായിട്ടാണ് ഐക്യരാഷ്ട്രസഭ സ്ഥാപിച്ചിരിക്കുന്നത് എന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ, പാകിസ്താൻ ഈ വിശിഷ്ട ഫോറത്തെ ദുരുപയോഗം ചെയ്യുകയും ഇന്ത്യൻ യൂണിയൻ ടെറിട്ടറിയായ ജമ്മു കാശ്മീരിനെക്കുറിച്ച് കള്ളങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഖേദകരമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
Discussion about this post