ന്യൂഡൽഹി : പാകിസ്താനെതിരെ ശക്തമായ വിമർശനവുമായി അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ മുൻ കോൺസൽ ജനറലും നയതന്ത്രജ്ഞനുമായ അമർ ജിത് സിംഗ്. അഫ്ഗാനിസ്ഥാന് നേരെ വ്യോമാക്രമണം നടത്തിയതിലൂടെ പാകിസ്താൻ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സുഹൃത്തുക്കൾക്ക് വേണ്ടി മരിക്കാൻ തയ്യാറുള്ളവരും ശത്രുക്കളെ സർവ്വവും ത്യജിച്ച് നശിപ്പിക്കുന്നവരും ആണ് അഫ്ഗാൻ ജനത എന്നും അമർ ജിത് സിംഗ് സൂചിപ്പിച്ചു.
തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് ഇസ്ലാമാബാദ് കാബൂളിൽ വ്യോമാക്രമണം നടത്തിയതാണ് പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷാവസ്ഥയിൽ എത്താൻ കാരണമായിരിക്കുന്നത്.
അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ പാകിസ്താൻ നേരിടേണ്ടി വരുമെന്നും മറ്റൊരു യുദ്ധം തന്നെ ആസന്നമാകുമെന്നും അമർ ജിത് സിംഗ് വ്യക്തമാക്കി.
“അഫ്ഗാനിസ്ഥാനിൽ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ചതിന്റെ അടിസ്ഥാനത്തിൽ, എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും. പാകിസ്താൻ ഈ നൂറ്റാണ്ടിലെ ഒരു വലിയ മണ്ടത്തരം ചെയ്തിരിക്കുന്നു. നിങ്ങൾ അവരുടെ സുഹൃത്താണെങ്കിൽ നിങ്ങൾക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള ഏറ്റവും അഭിമാനികളായ ആളുകളാണ് അഫ്ഗാനികൾ. എന്നാൽ നിങ്ങൾ അവരുടെ ശത്രുവായിരിക്കാൻ തീരുമാനിച്ചാൽ, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സാമ്രാജ്യമോ സോവിയറ്റ് യൂണിയനോ യുഎസ്എയോ ആകട്ടെ, അവർ നിങ്ങളുടെ ജീവിതത്തിലെ വലിയ പാഠം പഠിപ്പിക്കും” എന്ന് അമർ ജിത് സിംഗ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post