ചണ്ഡീഗഡ് : കൈക്കൂലി കേസിൽ പഞ്ചാബ് പോലീസിലെ മുതിർന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സിബിഐ. പഞ്ചാബ് പോലീസിലെ റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ഭുള്ളർ ആണ് അറസ്റ്റിലായത്. അന്വേഷണസംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകളും വൻ അഴിമതിയും ആണ് കണ്ടെത്തിയിരിക്കുന്നത്.
ഹർചരൺ സിംഗ് ഭുള്ളറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.5 കോടി രൂപയും 2.5 കിലോ സ്വർണ്ണവും നിരവധി ആഡംബര കാറുകളും കണ്ടെത്തി. ഫത്തേഗഡ് സാഹിബിലെ ഒരു സ്ക്രാപ്പ് ഡീലറിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് ഭുള്ളറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വലിയ രീതിയിലുള്ള തട്ടിപ്പും അഴിമതിയും പുറത്തുവന്നത്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡുകൾ നടത്തി. പണം, സ്വർണം, ആഡംബര വാച്ചുകൾ, സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹർചരൺ സിംഗ് ഭുള്ളറിന്റെ വീട്ടിൽ നിന്നും ഫാം ഹൗസിൽ നിന്നും നിരവധി വിലപിടിപ്പുള്ള വസ്തുക്കളും വിലകൂടിയ മദ്യവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post