ലഖ്‌നൗ : ലഖ്‌നൗവിലെ ബ്രഹ്മോസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് ചടങ്ങ് നിർവഹിച്ചത്. ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയിലെ ഒരു വലിയ മുന്നേറ്റവും ഉത്തർപ്രദേശ് സർക്കാരിന്റെ ചരിത്രപരമായ ഒരു നേട്ടവുമാണിത്.
മിസൈൽ സംവിധാന നിർമ്മാണം മുതൽ അന്തിമ പരീക്ഷണം വരെയുള്ള മുഴുവൻ പ്രക്രിയയും തദ്ദേശീയമായി നടത്തുന്ന ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയിലെ ആദ്യത്തെ സൗകര്യമാണ് ലഖ്‌നൗ ബ്രഹ്മോസ് യൂണിറ്റ്. ബ്രഹ്മോസ് വെറുമൊരു മിസൈൽ എന്നതിലുപരി ഇന്ത്യയുടെ വളരുന്ന തദ്ദേശീയ പ്രതിരോധ ശേഷിയുടെ പ്രതീകമാണെന്ന് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. വേഗത, കൃത്യത, വിനാശകരമായ ശക്തി എന്നിവയ്ക്ക് പേരുകേട്ട ഈ സൂപ്പർസോണിക് മിസൈൽ ഇപ്പോൾ ഇന്ത്യൻ സായുധ സേനയുടെ നട്ടെല്ലായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവിലെ 200 ഏക്കർ വിസ്തൃതിയുള്ള ഒരു വലിയ ഭൂപ്രദേശത്താണ് ഇന്ത്യയുടെ തന്നെ അഭിമാനം ആയ ഈ പ്രതിരോധ നിർമ്മാണ കേന്ദ്രം നിർമിച്ചിട്ടുള്ളത്. 380 കോടി ചെലവിൽ നിർമ്മിച്ച ബ്രഹ്മോസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ പ്രതിവർഷം 100 മിസൈൽ സംവിധാനങ്ങൾ ഉത്പാദിപ്പിക്കുന്നതാണ്. അടുത്ത സാമ്പത്തിക വർഷം മുതൽ, ഈ യൂണിറ്റിൽ നിന്നുള്ള മിസൈലുകൾ 3,000 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്നും ജിഎസ്ടിയിൽ ഏകദേശം 500 കോടി രൂപ സംഭാവന ചെയ്യുമെന്നും ആണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post