മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പ് സാക്ഷിയായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ എതിര്‍വിസ്താരം ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിസ്താരം നടത്തുന്നത്. മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന് അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്ലിയെ എതിര് വിസ്താരം ചെയ്യുന്നത്. വിസ്താരം നാലു ദിവസം നീണ്ടു നില്ക്കും. നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫിബ്രവരി 13നാണ് ഹെഡ്ലിയുടെ ഒരാഴ്ച നീണ്ടുനിന്ന മൊഴിയെടുപ്പ് അവസാനിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്ലി. രഹസ്യകേന്ദ്രത്തില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് മൊഴിനല്‍കിയത്.
ഭീകരാക്രമണത്തിന് പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിസായ ഐ.എസ്.ഐ. സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണ നല്‍കിയിരുന്നതായി ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു. ഭീകരസംഘടനകളായ ലക്ഷര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായിരുന്നു ഐ.എസ്.ഐ. സഹായം നല്കിയിരുന്നതെന്നായിരുന്നു ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍. ഇസ്രത്ത് ജഹാന് ലഷ്കര്‍ ഇ തൊയിബ ഏജന്റാണെന്ന വെളിപ്പെടുത്തലും ചര്‍ച്ചയായി.
Discussion about this post